Chapter 1 പ്ലാവിലക്കഞ്ഞി - തകഴി ശിവശങ്കരപ്പിള്ള (രണ്ടിടങ്ങഴി)
കുട്ടി അമ്മയോട് ചോദിച്ചു "ഈ വൃക്ഷങ്ങളൊക്കെ വീഴാതെ നിൽക്കുന്നല്ലോ ''
"അവയ്ക്കു ഭൂമിയിൽ വേരുണ്ട്.അതുകൊണ്ട് ഉറച്ചു നിൽക്കുന്നു."
അമ്മ പറഞ്ഞു.
" അപ്പോൾ നമ്മുടെ വേരുകളോ?"
"അതും ഈ അമ്മയായ ഭൂമിയിൽത്തന്നെ.
- വേരുകൾ [ ഡി വിനയചന്ദ്രൻ]
വേരുകൾ എന്ന കഥയുടെ ആശയം വിശദീകരിച്ച് കുറിപ്പു തയ്യാറാക്കുക.
ശ്രീ ഡി വിനയചന്ദ്രൻ്റെ വേരുകൾ എന്ന മിനിക്കഥയിലെ പ്രധാന കഥാപാത്രങ്ങൾ ഒരമ്മയും കുട്ടിയുമാണ്.കുട്ടിയുടെ ചോദ്യങ്ങൾക്ക് അമ്മ നൽകുന്ന മറുപടിയുടെ രൂപത്തിലാണ് ഈ കഥയുടെ അവതരണം. ഈ കഥ മുന്നോട്ടു വെയ്ക്കുന്നത് ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. വൃക്ഷങ്ങളെ ഭൂമിയിൽ ഉറപ്പിച്ചു നിർത്തുന്നത് അവയുടെ വേരുകളാണ്. വൃക്ഷങ്ങളുടെ കരുത്തുറ്റ വളർച്ചയ്ക്ക് താങ്ങായി നില്ക്കുന്നതും ഈ വേരുകളാണ്. വേരുകൾ നഷ്ടപ്പെട്ടാൽ ഏത് വൻമരവും നിലംപതിക്കും ഇതുപോലെ തന്നെ ശക്തമാണ് ഭൂമിയും മനുഷ്യനുമായുള്ള ബന്ധവും.നമ്മുടെ ഭാഷയും ജീവിതവും സംസ്ക്കാരവുമെല്ലാം ഭൂമിയോട് ബന്ധപ്പെട്ടിരിക്കുന്നു .വൃക്ഷങ്ങളുടെ വേരുകൾ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതു പോലെ മനുഷ്യരായ നമ്മളും ബന്ധങ്ങളുടെ വേരിനാൽ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു. പരസ്പര സ്നേഹവും വിശ്വാസവും സഹവർത്തിത്വവുമാണ് ജീവിതത്തിൻ്റെ വേരുകൾ അത് നമ്മുടെ ജീവിതത്തെ 'കൂടുതൽ ശക്തവും പവിത്രവുമാക്കിത്തീർക്കുന്നു. അതിനാൽ ഈ വേരുകൾ നഷ്ടപ്പെടാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.
'നെല്ലില്ല പിശാശുക്കള് നെല്ല് കൊണ്ടുചെന്ന് വല്ല പീടികയിലും പെട്ട വിലയ്ക്ക് വിൽക്കാനാണ് ' - തന്നിരിക്കുന്ന സംഭാഷണം വിശകലനം ചെയ്ത് ആ കാലഘട്ടത്തിലെ സാമൂഹിക ജീവിതാവസ്ഥയെ വിമർശനാത്മകമായി വിലയിരുത്തുക.
ശ്രീ തകഴിശിവശങ്കരപ്പിള്ളയുടെ 'രണ്ടിടങ്ങഴി ' എന്ന നോവലിലെ പ്രധാനപ്പെട്ട ഒരു രംഗമാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. പകലന്തിയോളം പാടത്ത് ജന്മിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളിയ്ക്ക് അർഹമായ കൂലി നിഷേധിക്കപ്പെടുന്നു.കൂലിയ്ക്ക് പകരം നെല്ലാവശ്യപ്പെട്ട തൊഴിലാളിയ്ക്ക് അത് നിഷേധിക്കപ്പെടുന്നു മാത്രമല്ല കൂലിയായ് നെല്ല് ലഭിച്ചാൽ അത് കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാനാണ് എന്ന ആക്ഷേപവും ജന്മിമാർ ഉയർത്തുന്നു.കൂടാതെ ജീവിതം മുഴുവൻ ജന്മിക്കു വേണ്ടി അധ്വാനിക്കുന്ന തൊഴിലാളികളെ പിശാശുക്കള് എന്നാണ് സംബോധന ചെയ്യുന്നത്. ഒരു കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥയുടെ നേർക്കാഴ്ചയാണിവിടെ ചിത്രീകരിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ജനവിഭാഗത്തിൻ്റെ വേദനയും അവരെ കഠിനമായി ചൂഷണം ചെയ്യുന്ന ജന്മിത്തസമ്പ്രദായത്തിൻ്റെ ക്രൂരതയും നമുക്കിവിടെ ദർരിക്കാം.
- "എന്തിനായിത് ? നാഴി അരി അല്യോ മച്ചൊള്ളൂ ? നീ കുടി".
- അപരാധ ബോധം കോരൻ്റെ ഹൃദയത്തെ നോവിച്ചു.
- രാത്രിയിൽ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്ത്?
മുകളിൽ കൊടുത്ത സൂചനകളും ഉചിതമായ കഥാസന്ദർഭങ്ങളും പരിഗണിച്ച് കോരൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക?
കോരൻ
മലയാള നോവൽസാഹിത്യത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ച നോവലിസ്റ്റാണ് തകഴി ശിവശങ്കരപ്പിളള.അദേഹത്തിൻ്റെ കൃതി കളിൽ പ്രസിദ്ധമാണ് ' രണ്ടിടങ്ങഴി ' ഇതിലെ കഥ നടക്കുന്ന സ്ഥലം കുട്ട നാടിൻ്റെ ഹൃദയഭൂമിയായ തകഴിയാണ് അവിടെ വെള്ളം കെട്ടിക്കിടക്കുന്ന നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും നിറഞ്ഞതുരുത്തുകൾക്കിടയിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുംഅവരെ നിർദ്ദയം ചൂഷണം ചെയ്യുന്ന യജമാനൻമാരായ ജൻമിമാരുടെയുംപച്ചയായ ജീവിത യാഥാർത്ഥ്യങ്ങളാണ് തകഴി രണ്ടിടങ്ങഴി എന്ന നോവലിലൂടെ വരച്ചുകാട്ടുന്നത്.
ഈ നോവലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് കോരൻ.പുഷ്പവേലിൽ ഓസേപ്പ് എന്ന ഭൂവുടമയുടെ അടിയാനാണ് കോരൻ.പി താവിനെ ധിക്കരിച്ച് ചിരുതയെ വിവാഹം ചെയ്ത കോരൻ അച്ഛനുമായി പിണങ്ങി ദൂരെ ഒരു സുഹൃത്തിൻ്റെ സഹായത്തോടെ ഒരു കൊച്ചു ഓലപ്പുരയിൽ താമസിക്കുകയാണ്. പകലന്തിയോളം പാടത്ത് കഷ്ടപ്പെടുന്ന അയാൾക്ക് കുറഞ്ഞകൂലി യാ ണ് ലഭിക്കുന്നത്.കൂലിക്ക് പകരം നെല്ല് തരാൻ കോരൻജൻമിയോടാവശ്യപ്പെടുന്നു.പക്ഷെ ജന്മി അത് നിഷേധിക്കുന്നു. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന പ്രതികരണശേഷിയുള്ള ചെറുപ്പക്കാരനാണ് കോരൻ.പക്ഷെ അവൻ്റെ കൂട്ടാളികൾ ഒത്തൊരുമയോടെ നിൽക്കാത്തത് കാരണം അയാൾ ഒറ്റപ്പെടുകയാണ്.
രാത്രി മുഴുവൻ ഒരു പിടി അരിയ്ക്കായി കൈനകരി മുഴുവൻ ചുറ്റി നടന്നപ്പോൾ കൂരിരുട്ടിൽ നടക്കുന്ന ചില വൻ വ്യാപാരങ്ങൾ അവൻ കണ്ടെത്തുന്നു. ഒരു വശത്തു പട്ടിണി പാവങ്ങളായ തൊഴിലാളികൾ ഒരു പിടി അരിയ്ക്കായി അലയുമ്പോൾ ജൻമിമാർ കരിഞ്ചന്തയിൽ നെല്ല് വിൽപന നടത്തുന്നു.ഇത് പരസ്യപ്പെടുത്തിയാലെന്താണ് എന്ന് അയാൾ ചിന്തിക്കുന്നു. പക്ഷെ ഐക്യമില്ലാത്ത തൻ്റെ കൂട്ടുകാരെക്കുറിച്ചോർത്ത് കോരന് അതിൽ നിന്നും പിന്തിരിയേണ്ടി വരുന്നു ഇവിടെ പ്രതികരണ ശേഷിയുള്ള ഒരു ചെറുപ്പക്കാരൻ്റെ നിസ്സഹായത നമുക്കിവിടെ ദർശിക്കാം.
രാത്രി മുഴുവൻ അലഞ്ഞ് കിട്ടിയ നാഴി അരിയും നാലു ചക്രത്തിന് കപ്പയുമായി കോരൻ വീട്ടിലെത്തുന്നു ചിരുത അത് പാകം ചെയ്ത് അയാളെ വിളിക്കുമ്പോൾ കോരൻ വയറിന് സുഖമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു അയാൾക്കറിയാമായിരുന്നു പകൽ മുഴുവൻ അവൾ പട്ടിണി കിടക്കുകയായിരുന്നെന്ന് പക്ഷെ സ്നേമയിയായ ഭാര്യ അയാളെ നിർബന്ധിച്ച് അതിൽ നിന്നൊരു പങ്ക് കിഴപ്പിക്കുന്നു. ഇവിടെ നമുക്ക് കോരൻ്റെയും ചിരുതയുടെയും പരസ്പര സ്നേഹത്തിൻ്റെ തീവ്രത ദർശിക്കാൻ കഴിയുന്നു.
അടുത്ത ദിവസം കിട്ടിയ കൂലിക്ക് നെല്ലും കപ്പയുമായി വീട്ടിലെത്തിയ കോരൻപിണക്കമെല്ലാം മാറി തന്നെക്കാണാൻ വീട്ടിലെത്തിയ പിതാവിനെക്കണ്ട് അത്ഭുതപ്പെടുന്നു. അച്ഛൻ്റെ അവശത കണ്ട് കോരൻ തളരുന്നു.ആനയുടെ കരുത്തുണ്ടായിരുന്ന തൻ്റെ അച്ഛൻ എഴുന്നേറ്റു നില്ക്കാൻ പോലും കഴിവില്ലാത്തവനായി തീർന്നിരിക്കുന്നു.ഒരു നേരത്തെ അരിയിട്ട കഞ്ഞിവെള്ളത്തിന് അയാൾ ആഗ്രഹിക്കുന്നു. ഒരായുഷ്ക്കാലം മുഴുവൻ ജൻമിയെ സേവിച്ച പിതാവിൻ്റെ അവസ്ഥ കോരനിൽ വേദനയുണ്ടാക്കുന്നു. തൻ്റെ അച്ഛൻ്റെ തകർച്ചയ്ക്ക് താനും ഒരു കാരണമാണെന്ന് അയാൾ ചിന്തിക്കുന്നു. താൻ സ്വന്തം സുഖം മാത്രം നോക്കി പോയതിലും അച്ഛനെ തനിച്ചാക്കിയതിലും അയാൾ ദുഃഖിക്കുന്നു. കോരൻ പിതാവിനോട് കാണിക്കുന്ന സ്നേഹം എടുത്തു പറയേണ്ടതാണ്. ഇങ്ങനെ ഒരേ സമയം ഒരു സൽഗുണ സമ്പന്നനായ പുത്രനായും ഒരു നല്ല ഭർത്താവായും അതിലുമുപരി പ്രതികരണ ശേഷിയുള്ള ഒരു ചെറുപ്പക്കാരനായും കോരൻ ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നു.
വൃദ്ധൻ പറഞ്ഞു: "മുഴക്കരിയിട്ട് തെളപ്പിച്ചു "
"ഏനാ അത് കുടിച്ചത്. അവള് കുടിച്ചില്ല ഏനു കോരിക്കോരി തന്നു."
" അവള് മറ്റൊള്ളേരെ തീറ്റുകാ. എന്നിട്ട് അവള് ഒണങ്ങു കേം.ഏനു ചീത്തപ്പേരുണ്ടാക്കരുതെന്ന് എന്നും പറയും "
ചിരുത
മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനായ ശ്രീ തകഴി ശിവശങ്കരപ്പിള്ളയുടെ ശക്തമായ നോവലാണ്. 'രണ്ടിടങ്ങഴി '. ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജന്മി കുടിയാൻ ബന്ധങ്ങളിലെ ചൂഷണങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ഒരു നോവൽ കൂടിയാണിത്. ഇതിലെ ഒരു പ്രധാന കഥാപാത്രമാണ് ചിരുത.കോരൻ അച്ഛനെ ധിക്കരിച്ചാണ് ചിരുതയെ വിവാഹം കഴിച്ചത്.അതിനാൽ അവർക്ക് തകഴിയിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. സ്നേഹസമ്പന്നയായ ഒരു കഥാപാത്രമായി ചിരുത ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നു.
പട്ടിണിയും ദാരിദ്രവും കോരൻ്റെ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ ജീവിത സാഹചര്യങ്ങളെ ഊഷ്മളമായ സ്നേഹ ബന്ധങ്ങളിലൂടെ തരണം ചെയ്യാൻ ഈ ദമ്പതിമാർക്ക് കഴിയുന്നുണ്ട്. ചിരുതയുടെ ബുദ്ധിപരമായ ഇടപെടലുകളാണ് ഇതിനു കാരണം.ഭർത്താവ് കൊണ്ടുവരുന്ന അരി മിച്ചം വെച്ച് ഉപയോഗിക്കാനും തനിക്ക് കഴിയും വിധം മൊറം നെയ്തും മറ്റും പണം സമ്പാദിച്ച് കുടുംബത്തെ സഹായിക്കാനും ചിരുത തയ്യാറാവുന്നുണ്ട്.
ദീർഘകാലത്തെ പിണക്കത്തിനു ശേഷം അച്ഛൻ കോരനെ കാണാൻ വീട്ടിലെത്തിയപ്പോൾ ചിരുത അയാളെ സ്നേഹത്തോടെ സ്വീകരിക്കുകയും അയാൾക്ക് വയറു നിറച്ചും കഞ്ഞിനൽ കുകയും ചെയ്യുന്നു. തന്നോട് പിണങ്ങി നിന്ന കോരൻ്റെ അച്ഛൻ്റ സ്നേഹം പിടിച്ചു വാങ്ങാൻ പോലും ചിരുതയ്ക്ക് കഴിയുന്നു.ദരിദ്രമാണ് ഏതൊരു കുടുംബത്തിൻ്റേയും പ്രധാന പ്രശ്നം. അത് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് തന്നെ കാരണമായിത്തീരുന്നു.എന്നാൽ ഇവിടെ ഊഷ്മളമായ സ്നേഹ ബന്ധങ്ങളിലൂടെ ആ പ്രശ്നങ്ങളെല്ലാം മറികടക്കാൻ ചിരുതയ്ക്ക് കഴിയുന്നു.
'സാഹിത്യരചനകൾ കാലത്തിൻ്റെ പ്രതിഫലനമാണ് ' - പ്ലാവിലക്കഞ്ഞി എന്ന തലക്കെട്ട് ഈ പ്രസ്താവനയെ സാധൂകരിക്കുന്നുണ്ടോ?
സാഹിത്യരചനകൾ കാലത്തിൻ്റെ പ്രതിഫലനമാണ് എന്ന കാര്യത്തിൽ തർക്കമില്ല. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിൻ്റെ നേർക്കാഴ്ചകളാണ് ഉത്തമ സാഹിത്യകാരൻമാർ തൻ്റെ കൃതികളിലൂടെ അവതരിപ്പിക്കുന്നത്.ഇതിന് ഉത്തമ ഉദാഹരണമാണ് ശ്രീ തകഴി ശിവശങ്കരപിള്ളയുടെ ' രണ്ടിടങ്ങഴി ' എന്ന നോവൽ.
രണ്ടിടങ്ങഴിയിൽ ജൻമി തൊഴിലാളി വർഗ്ഗത്തിൻ്റെ സംഘർഷത്തിൻ്റെ കഥയാണ് തകഴി അവതരിപ്പിക്കുന്നത്. കുട്ടനാടൻ മണ്ണിൻ്റെ പശിമയും വീര്യവും ഉൾത്തിങ്ങിയ ഈ നോവൽ കർഷകത്തൊഴിലാളികളുടെ ജീവിതം ആഖ്യാനം ചെയ്യുന്ന ആദ്യത്തെ മലയാളനോവൽ കൂടിയാണ്. രണ്ടിടങ്ങഴി എന്ന നോവലിൽ നിന്നും അടർത്തിയെടുത്ത ഒരു ചെറിയ ഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗം ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന കർഷകത്തൊഴിലാളികളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് പാഠഭാഗത്തിൽ നാം കാണുന്നത്. പകലന്തിയോളംജൻ മിയുടെ പാടത്ത് അധ്വാനിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്നത് കുറഞ്ഞകൂലിയാണ്.കൂലിക്ക് പകരം നെല്ലാവശ്യപ്പെടുമ്പോൾ അവർക്ക് അത് നിഷേധിക്കപ്പെടുന്നു.വയറുനിറച്ച് കഞ്ഞി കുടിയ്ക്കാൻ പാവപ്പെട്ട ഈ തൊഴിലാളികൾക്ക് കഴിയുന്നില്ല. എട്ടാം വയസ്സു മുതൽ പാടത്ത് ജൻമിക്കു വേണ്ടി അധ്വാനിച്ച് അയാൾക്ക് ലക്ഷക്കണക്കിന് പറ നെല്ല് ഉണ്ടാക്കിക്കൊടുത്ത കോരൻ്റെ അച്ഛന് പോലും ഒരു നേരത്തെ കഞ്ഞിയ്ക്കുള്ള അരി ലഭിക്കുന്നില്ല ഇങ്ങനെ ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജൻമി കുടിയാൻ ചൂഷണത്തിൻ്റെ പച്ചയായ ചിത്രീകരണം നമുക്ക് ഈ നോവൽ ഭാഗത്ത് ദർശിക്കാൻ കഴിയുന്നു അതുകൊണ്ട് തന്നെ പ്ലാവിലക്കഞ്ഞി എന്ന തലക്കെട്ട് ഈ പ്രസ്താവനയെ സാധൂകരിക്കുന്നു.
"അതൊരു അക്ഷന്തവ്യമായ അപരാധമാണ് ഒരു തരത്തിലും ആ തെറ്റ് ന്യായീകരിക്കാവുന്നതല്ല " _ കോരൻ്റെ ഈ ധാർമ്മിക ബോധം വർത്തമാന സമൂഹത്തിൽ എത്രത്തോളം നിലനിൽക്കുന്നുണ്ട്? സ്വാഭിപ്രായം സമർത്ഥിക്കുക.
ശ്രീ തകഴി ശിവശങ്കരപിള്ളയുടെ 'രണ്ടിടങ്ങഴി ' എന്ന നോവലിലെ ഒരു പ്രധാനപ്പെട്ട സന്ദർഭമാണിവിടെ സൂചിപ്പിച്ചിരിക്കുന്ന ത്. പിതാവിനെ ധിക്കരിച്ച് ചിരുതയെ വിവാഹം ചെയ്ത കോരൻ അച്ഛനെ തകഴി യിൽ തനിച്ചാക്കിയിട്ടാണ് മറുനാട്ടിലേക്ക് ചേക്കേറിയത്. വളരെ നാളുകൾക്ക് ശേഷം തൻ്റെ മകനെ സന്ദർശിക്കാൻ ആ സ്നേഹസമ്പന്നനായ പിതാവെത്തുന്നു. ആരോഗ്യം ആകെ ക്ഷയിച്ച തൻ്റെ പിതാവിനെ കണ്ട കോരൻ്റെ മനസ്സ് തകരുന്നു. താൻ പിതാവിനോട് ചെയ്തത് അക്ഷന്തവ്യമായ അപരാധമാണെന്ന് അയാൾ തിരിച്ചറിയുന്നു. ഒരു നേരത്തെ കഞ്ഞിയ്ക്ക് ആഗ്രഹിച്ച അച്ഛന് അത് നൽകിയപ്പോൾ കോരന് ജീവിതത്തിലെ ഒരു കടം വീട്ടിയതായി അനുഭവപ്പെടുന്നു. സ്നേഹസമ്പന്നനായ ഒരു പിതാവിൻ്റെയും പുത്രൻ്റെയും ഊഷ്മളമായ സ്നേഹ ബന്ധത്തെ നമുക്കിവിടെ ദർശിക്കാം. എന്നാൽ കോരൻ്റെ ധാർമ്മിക ബോധം വർത്തമാന സമൂഹത്തിൽ നമുക്ക് ദർശിക്കാൻ സാധിക്കുന്നില്ല. ഇന്ന് മാതാപിതാക്കളും കുട്ടികളും തമ്മിലെ ബന്ധങ്ങൾക്ക് വിള്ളലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് നാം കേൾക്കുന്ന വാർത്തകളെല്ലാം ഭയമുളവാക്കുന്നവയാണ് പ്രായമായ മാതാപിതാക്കൾ ഇന്ന് തെരുവിൽ വലിച്ചെറിയപ്പെടുന്നു. ഇന്ന് സമൂഹത്തിൽ വ്യദ്ധസദനങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഒരായുഷ്കാലം മുഴുവൻ കുട്ടികളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനുംവേണ്ടി ചിലവഴിച്ചതലമുറയ്ക്ക് നന്ദികേടിൻ്റയും കണ്ണീരിൻ്റയും സമ്മാനമാണ് നാം നൽകുന്നത് നമ്മൾക്ക് നഷടപ്പെട്ടുകൊണ്ടിരിക്കുന്ന ധാർമ്മിക ബോധം ഇനിയെങ്കിലും നമ്മൾ തിരിച്ചുപിടിച്ചില്ലെങ്കിൽ അതിനു വലിയ വില തന്നെ നൽകേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല.
"എത്രയെത്ര കോടി പറ നെല്ല് അയാൾ ഈ അറുപത്തിരണ്ടു വയസ്സിനിടയിൽ ഉണ്ടാക്കിയിരിക്കുന്നു!എത്ര നെല്ലു കൊയ്തു; മെതിച്ചു! എത്ര കോടി ഉദരങ്ങൾ ഈ വ്യദ്ധൻ്റെ പ്രയത്നഫലം കൊണ്ടു നിറഞ്ഞിരിക്കുന്നു!"-പാഠഭാഗത്തിലെ മറ്റു സൂചനകൾ കൂടി പരിഗണിച്ച് 'കോരൻ്റെ അച്ഛൻ' എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക?
കോരൻ്റെ അച്ഛൻ
കുട്ടനാടിൻ്റെ കഥാകാരനായ ശ്രീ തകഴി ശിവശങ്കരപ്പിള്ളയുടെ 'രണ്ടിടങ്ങഴി ' എന്ന നോവലിലെ ഒരു പ്രധാന കഥാപാത്രമാണ് കോരൻ്റെ അച്ഛൻ. ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജൻമിത്ത ചൂഷണത്തിൻ്റെ ഒരു ഇരയാണിയാൾ. എട്ടാംവയസ്സു മുതൽ അയാൾ ജന്മിയുടെ പാടത്ത് അധ്വാനിക്കാൻ തുടങ്ങിയതാണ് ജന്മിക്കു വേണ്ടി ലക്ഷക്കണക്കിന് പറ നെല്ല് അയാൾ കൃഷി ചെയ്തു നൽകി. ജന്മിയുടെ ഉയർച്ചതാഴ്ചകളിൽ എന്നും അയാളുണ്ടായിരുന്നു. ഇന്ന് വാർദ്ധക്യത്താൽ അവശത അനുഭവിക്കുകയാണയാൾ. ഒരായുഷ്കാലം മുഴുവൻ ജന്മിക്കു വേണ്ടി കഷ്ടപ്പെട്ട കോരൻ്റെ അച്ഛനു പോലും ഒരു നേരത്തെ കഞ്ഞിയ്ക്കുള്ള അരി ലഭിക്കുന്നില്ല.
മകനോടുള്ള പിണക്കം മറന്ന് അയാൾ അവനെ സന്ദർശിക്കാനെത്തുമ്പോൾ അയാളുടെ അവശത കണ്ട് കോരൻ്റെ മനസ്സ് വേദനിക്കുന്നു. ഒരു നേരത്തെ കഞ്ഞിയ്ക്കു വേണ്ടി പ്രതീക്ഷയോടെ അയാൾ മകനോട് നിങ്ങൾക്കിവിടെ കൂലിനെല്ലാണോ എന്നന്വോഷിക്കുന്നുണ്ട്. രാത്രി മുഴുവൻ അലഞ്ഞ് ശേഖരിച്ച ഒരു പിടി അരി കൊണ്ട് കോരൻ അച്ഛന് കഞ്ഞി നൽകുന്നു. ഒരു കാലത്ത് സമൃദ്ധമായി ഭക്ഷണം കഴിച്ചിരുന്ന തൻ്റെ അച്ഛൻ ഒരു പ്ലാവില കഞ്ഞി കഴിക്കുമ്പോഴേക്കും വയർ നിറഞ്ഞതായി പറഞ്ഞപ്പോൾ കോരൻ വേദനിക്കുന്നു. ഒരായുഷ്ക്കാലം മുഴുവൻ മുഗങ്ങളെ പോലെ ജന്മിക്കു വേണ്ടി അധ്വാനിച്ച് ജീവിതം തന്നെ നഷ്ടമായ ആയിരക്കണക്കിന് അടിസ്ഥാന വർഗ്ഗത്തിൻ്റെ പ്രതിനിധിയാണ് ഈ നോവലിലെ കോരൻ്റെ അച്ഛൻ.

0 Comments
Post a Comment