SSLC Malayalam 2nd Oro Viliyum Kaathu Important Notes

Class 10 - Adisthana Padavali
Unit 1 - Chapter 2 
Oro Viliyum Kaathu - Study notes

പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

ഇവിടെ പത്താം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയിലെ ആദ്യ യൂണിറ്റിലെ രണ്ടാമത്തെ പാഠഭാഗമായ ഓരോ വിളിയും കാത്ത് എന്ന പാഠഭാഗത്തിലെ പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണുള്ളത്.
SSLC Malayalam 2nd Oro Viliyum Kaathu Important Notes

കഥാപാത്ര നിരൂപണങ്ങൾ

*മറ്റു പ്രധാനപ്പെട്ട ചോദ്യോത്തരങ്ങളും ലഭ്യമാണ്.
അച്ഛൻ്റെ സ്വഭാവസവിശേഷതകൾ, കഥയിലെ സ്ഥാനം എന്നിവ കണ്ടെത്തി കഥാപാത്ര നിരൂപണം തയ്യാറാക്കുക

അച്ഛൻ

    മലയാളത്തിലെ ആധുനിക ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീയു.കെ.കുമാരൻ്റെ 'ഓരോ വിളിയും കാത്ത് ' എന്ന ചെറുകഥയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് അച്ഛൻ. അമ്മയുടെയും മകൻ്റെയും ഓർമ്മകളിലൂടെയാണ് ഈ കഥാപാത്രത്തിൻ്റെ പൂർണ്ണ ചിത്രം വായനക്കാർക്കു ലഭിക്കുന്നത്. തനി നാട്ടിൻ പുറത്തുകാരനായ ഒരു കർഷകനാണ് അച്ഛൻ. അച്ഛനും അമ്മയും തമ്മിലെ ഹൃദയ ബന്ധം ദൃഢമാണ്. അച്ഛൻ ഓരോ കാര്യത്തിനും അമ്മയെ വിളിച്ചുകൊണ്ടിരിക്കും. പാടത്തും പറമ്പിലും പണി ചെയ്യന്നതിനിടയിൽ അമ്മയെ വിളിച്ച് ഓരോന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അച്ഛൻ്റെ വിളിയ്ക്ക് മറുപടി കിട്ടിയില്ലെങ്കിൽ അച്ഛൻ കോപി ക്കുമായിരുന്നു.പക്ഷെ അമ്മ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അച്ഛൻ നിശ്ശബ്ദനാവുമായിരുന്നു.അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിൻ്റെ കെട്ടഴിക്കുന്നതെന്ന് മകന് തോന്നിയിരുന്നു.

    രോഗം ബാധിച്ച് കിടപ്പിലായിരുന്നപ്പോൾ പോലും ആ വീടിൻ്റെ എല്ലാ കാര്യങ്ങളും അച്ഛൻ ശ്രദ്ധിച്ചിരുന്നു' കന്നിപ്പാടത്ത് വെയിലിൻ്റെ വേലിയേറ്റങ്ങളും, കമുകിൻ തോട്ടങ്ങളിലൂടെ രാത്രി കാലത്ത് പറന്ന് പോകുന്ന വാവലുകളുടെ ചിറകടിയൊച്ചയും കിടന്നു കൊണ്ടു തന്നെ അച്ഛൻ അറിഞ്ഞിരുന്നു. കുളത്തിൻ്റെ കിഴക്കേ ഭാഗത്തുള്ള കവുങ്ങിൽ അടയ്ക്ക പഴുത്തിരിക്കുന്നതും കുന്നിൻ പുറത്തുള്ള തേങ്ങ വ രണ്ടിരിക്കുന്നതും വേലികെട്ടാത്തതിനാൽ വയലിൻ്റെ വരമ്പിലേക്ക് ഒടിഞ്ഞു വീണ നെൽക്കതിരിൽ ചവിട്ടി കുട്ടികൾ സ്കൂളിലേക്ക് പോകുന്നതും അദ്ദേഹം മനക്കണ്ണു കൊണ്ട് അറിഞ്ഞിരുന്നു. പൊരുളില്ലാത്ത സംസാരമെന്ന് മകന് ആദ്യം തോന്നിയിരുന്നെങ്കിലും ചെന്നു നോക്കുമ്പോൾ മനസ്സിൻ്റെ ക്ലാവു പിടിച്ച കണ്ണാടിയിലൂടെ അച്ഛൻ കണ്ടതെല്ലാം ശരിയായിരുന്നുവെന്ന് മകൻ മനസ്സിലാക്കുന്നു. മുറിയിൽ കിടന്നു കൊണ്ട് അച്ഛനെങ്ങനെ ഇതെല്ലാം മനസ്സിലാക്കുന്നുവെന്ന് മകൻ അത്ഭുതപ്പെട്ടിരുന്നു.

    തൻ്റെ ചുറ്റിലുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ അച്ഛനു കഴിഞ്ഞിരിന്നു. ഒരു നല്ല കൃഷിക്കാരനായ അച്ഛൻ്റെ സ്വഭാവം നന്നായി മനസ്സിലാക്കിയവനായിരുന്നു അച്ഛൻ്റെ ജോലിക്കാരനായ കണാരൻ'ഓർക്ക് ഇതെല്ലാം കാണാൻ ഏടേം പോണോന്നില്ല ആടകെടന്നാലറിയാംകാറ്റ് എങ്ങോട്ടാ അടിക്കുന്നതെന്ന് ' എന്ന അച്ഛനെക്കുറിച്ചുള്ള അയാളുടെ വിലയിരുത്തൽ ഏറെ പ്രാധാന്യമുള്ളതാണ്. അച്ഛൻ്റെ മരണം അറിയാത്ത അച്ഛൻ്റെ കൂട്ടുകാരനായ പൈക്കച്ചവടക്കാരൻ ചെട്ട്യാരുടെ അച്ഛനെക്കുറിച്ചുള്ള വിലയിരുത്തൽ ശ്രദ്ധിക്കപെടേണ്ടതാണ് ഇതെല്ലാം അച്ഛൻ് മറ്റുള്ളവരുമായി എങ്ങിനെ ബന്ധപ്പെട്ടിരുന്നു എന്നുള്ളതിൻ്റെ സൂചനകൾ നൽകുന്നു.

    അമ്മയുടെയും മകൻ്റെയും ഓർമ്മയിലൂടെയാണ് അച്ഛൻ കഥയിൽ നിറഞ്ഞു നിൽക്കുന്നതെങ്കിലും കഥയിലുടനീളം അച്ഛൻ്റെ സ്വാധീനം ശക്തമാണ്. മരണ ശേഷവും ആ വീടിൻ്റെ എല്ലാ കോണിലും അച്ഛൻ്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു. അതു കൊണ്ട് തന്നെയാണ് സ്നേഹപൂർവ്വം മകൻ അമ്മയെ നഗരത്തിലേക്ക് ക്ഷണിക്കുമ്പോൾ 'ഞാനെങ്ങന്യാ മോനേ വര്യാ? അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ.ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ ... ' എന്ന് അമ്മ പറയാൻ കാരണം. ഇങ്ങനെ ഓരോ വിളിയും കാത്ത് എന്ന കഥയിൽ  സ്നേഹസമ്പന്നനായ ഒരു ഗൃഹനാഥനായി അച്ഛൻ നിറഞ്ഞു നിൽക്കുന്നു.

" ഇപ്പോൾ ഇതൊരു വീടല്ല. നീണ്ട വരാന്തകളും വെണ്മയാർന്ന ചുമരുകളും വലിയ ജനലുകളും വാതിലുകളുമെല്ലാം ഉണ്ടെങ്കിൽപ്പോലും ഇതൊരു വീടാവുന്നില്ല."  - ഇവിടെ പരാമർശിക്കപ്പെടുന്നത് എന്താണ്? ചർച്ച ചെയ്യുക.

    മലയാളത്തിലെ ആധുനിക ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ യു.കെ.കുമാരൻ്റെ 'ഓരോ വിളിയും കാത്ത് ' എന്ന ചെറുകഥയിലെ പ്രധാനപ്പെട്ട ഒരു മുഹൂർത്തമാണിവിടെ സൂചിപ്പിക്കുന്നത്. ഗൃഹനാഥൻ്റെ മരണത്തെ തുടർന്ന് നിശ്ശബ്ദമായ ഗൃഹാന്തരീക്ഷമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അച്ഛൻ, അമ്മ, മകൻ എന്നിവരാണ് ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. ഈ കഥയിലെ അച്ഛനും അമ്മയും തമ്മിലെ ഹൃദയ ബന്ധം ദൃഢമാണ്. അച്ഛൻ്റെ ഒരു നിഴലുപോലെ എപ്പോഴും അമ്മ കൂടെയുണ്ടായിരുന്നു. അച്ഛൻ്റെ ആകസ്മികമായ മരണം അമ്മയെയും മകനെയും വല്ലാതെ തളർത്തുന്നു. അച്ഛൻ്റെ സാന്നിധ്യത്താൽ സമ്പന്നമായിരുന്ന ആ വീട് ശൂന്യമായ തു പോലെ അവർക്ക് അനുഭവപ്പെടുന്നു. വീടിൻ്റെ ആഡംബരമൊ വലുപ്പമൊ അല്ല അതിനെ സജീവമാക്കുന്നത് മറിച്ച് അതിലെ സ്നേഹസമ്പന്നരായ ആളുകളുടെ സാന്നിധ്യമാണ്.

"അച്ഛൻ പോയതോടു കൂടി വല്ലപ്പോഴുമൊന്ന് കടുപ്പിച്ചു സംസാരിക്കാനുള്ള അവസരം പോലും അമ്മയ്ക്ക് നഷ്ടപ്പെട്ടു."

        - അച്ഛനും അമ്മയും തമ്മിലുള്ള ആത്മബന്ധം കഥാഭാഗത്തു വ്യക്തമാക്കുന്നതെങ്ങനെ? കുറിപ്പ് തയ്യാറാക്കുക.

    മലയാളത്തിലെ ആധുനിക എഴുത്തുകാരിൽ ശ്രദ്ധേയനായ ശ്രീ യു കെ കുമാരൻ്റെ മനോഹരമായ ഒരു ചെറു കഥയാണ്'ഓരോ വിളിയും കാത്ത്. ആധുനിക കേരള ജനതയ്ക്ക് ഒരു പുനർവിചിന്തനത്തിന് വഴിയൊരുക്കുന്ന ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ അച്ഛനും അമ്മയും മകനുമാണ്. ഊഷ്മളമായ സ്നേഹ ബന്ധം കാത്തു സൂക്ഷിക്കുന്ന ഉത്തമ ദമ്പതിമാരാണ് ഈ കഥയിലെ അച്ഛനും അമ്മയും. കാർഷിക ജീവിതം നയിക്കുന്ന ഈ കഥയിലെ അച്ഛൻ വീടിൻ്റെ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുന്നയാളാണ്.അച്ഛനു പുറകിൽ ഒരു നിഴലുപോലെ സദാസമയവും അമ്മയുണ്ട്. അച്ഛൻ്റെ ഓരോ വിളിയ്ക്കും അവർ കാതോർക്കുന്നു. അച്ഛൻ്റെ വിളിക്കു മറുപടി ലഭിച്ചില്ലെങ്കിൽ അച്ഛൻ കോപാകുലനാകുന്നുണ്ടെങ്കിലും അമ്മയുടെ വാക്കിൽ അതെല്ലാം അലിഞ്ഞില്ലാതാവുന്നതായി കാണാം.ഒരു ഉത്തമ ദാമ്പത്യത്തിൻ്റെ സുവർണ്ണ കിരണങ്ങൾ നമുക്കിവിടെ ദർശിക്കാം.

    അച്ഛൻ്റെ മരണശേഷം ആ വീട് ഉറങ്ങുന്നു.കിടപ്പിലായിരുന്നപ്പോൾ പോലും അച്ഛൻ ആ വീടിൻ്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. അച്ഛൻ്റെ മരണം അമ്മയെ കടുത്ത ഏകാന്തതയിലേക്ക് നയിക്കുന്നുണ്ടെങ്കിലും അച്ഛൻ്റെ ഓർമ്മകൾ അവർക്ക് കരുത്തു പകരുന്നു. മകൻ സ്നേഹപൂർവ്വം നഗരത്തിലേക്ക് ക്ഷണിച്ചപ്പോൾ അമ്മ ആ അഭ്യർത്ഥന സ്നേഹപൂർവ്വം നിരസിക്കുന്നത് ഇത് കൊണ്ടാണ്. അച്ഛൻ്റെ മരണമറിയാത്ത അച്ഛൻ്റെ സുഹൃത്തുക്കൾ അമ്മയോട് അച്ഛനെതിരക്കുമ്പോൾ അമ്മ' മൂപ്പര് പോയി എന്നാണ് മറുപടി നൽകുന്നത്. അച്ഛൻ്റെ മരണത്തെ പൂർണ്ണമായും അംഗീകരിക്കാൻ അമ്മ തയ്യാറാകുന്നില്ല. ഇത് അമ്മയും അച്ഛനും തമ്മിലെ തീവ്രമായ സ്നേഹ ബന്ധത്തിൻ്റെ ചിത്രം തന്നെയാണ് ' ഞാനെങ്ങന്യാ മോനേ വര്യാ അച്ഛൻ എപ്പോഴും എന്നെ വിളിച്ചോണ്ടിരിക്കുകയാ ഇന്നലേം വിളിച്ചു വിളിക്കുമ്പം ഞാനിവിടെ ഇല്യാന്ന് വെച്ചാൽ ...." എന്ന അമ്മയുടെ മകനോടുള്ള മറുപടി ആ ദമ്പതിമാർ തമ്മിലുള്ള ആത്മബന്ധത്തിൻ്റെ തീവ്രത വ്യക്തമാക്കുന്നത് തന്നെയാണ്.

' ഓരോ വിളിയും കാത്ത് ' എന്ന ചെറുകഥയിലെ 'അമ്മ' എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.

അമ്മ

    ഊഷ്മളമായ സ്നേഹ ബന്ധങ്ങളുടെ കഥ പറയുന്ന ശ്രീ യു.കെ.കുമാരൻ്റെ 'ഓരോ വിളിയും കാത്ത് ' എന്ന ചെറുകഥയിലെ മുഖ്യ കഥാപാത്രമാണ് 'അമ്മ'. അച്ഛനും അമ്മയും തമ്മിലുള്ള ഹൃദയ ബന്ധം വളരെ ദൃഢമായിരുന്നു. അച്ഛൻ്റെ ഒരു നിഴൽ പോലെ എപ്പോഴും അമ്മ കൂടെയുണ്ടായിരുന്നു. മുറിക്കകത്തു വെച്ചോ പറമ്പിൻ്റെ ഏതെങ്കിലും മൂലയിൽ വെച്ചോ ആയിരിക്കും വളരെ അപ്രതീക്ഷിതമായി അച്ഛൻ്റെ വിളി ഉണ്ടാവുക അതേ നിമിഷത്തിൽ അമ്മയുടെ മറുപടി ഉണ്ടായില്ലെങ്കിൽ അച്ഛൻ കോപം കൊണ്ടു തുടുക്കും അമ്മ ഒരിക്കലും അതിന് ഇടം കൊടുക്കാറില്ല. അച്ഛൻ വിളിച്ചില്ലെങ്കിൽ പോലും വെറുതെ ഒരു ശബ്ദം കേട്ടാൽ മതി അതിനു മറുവിളി കൊടുക്കുക എന്നുള്ളതും അമ്മയുടെ ശീലമായിരുന്നു.

    അച്ഛൻ കിടപ്പിലായപ്പോഴും അച്ഛൻ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അമ്മ മറുപടി നൽകുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയതിരുന്നു.എങ്കിലും ചോദ്യവും നിർദേശവും അസഹ്യമാകുന്ന ചില സന്ദർഭങ്ങളിൽ അമ്മ പൊട്ടിത്തെറിക്കാറുണ്ട്. അത് അച്ഛനോടല്ല മറിച്ച് സ്വന്തം വ്യാകുലതകൾ ഒന്നുറക്കെ പറഞ്ഞു കൊണ്ടുള്ള പരിഭവം മാത്രമായിരുന്നു. അത്ര വിഷമം തോന്നിയാലെ അമ്മമറുത്തു പറയൂ. അമ്മ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അച്ഛൻ നിശ്ശബ്ദനാവും അമ്മയിൽ നിന്ന് എന്തെങ്കിലുമൊന്ന് കേൾക്കാൻ വേണ്ടിയാവണം അച്ഛൻ പരിഭവത്തിൻ്റെ കെട്ടഴിക്കുന്നതെന്ന് മകന് തോന്നിയിരുന്നു.

    അച്ഛൻ്റെ മരണത്തോടെ വല്ലപ്പോഴുമൊന്ന് കടുപ്പിച്ചു സംസാരിക്കാനുള്ള അവസരം അമ്മയ്ക്ക് നഷ്ടപ്പെടുന്നു. തിമിര പടർപ്പുകൾ നിറഞ്ഞ കണ്ണുകൾ ചിമ്മാതെ ഉറക്കമൊഴിക്കാൻ ഇനി ആരാണുള്ളതെന്ന നിരാശാബോധം അമ്മയിൽ നിറഞ്ഞു നിന്നിരുന്നു.അച്ഛൻ്റെ വിളികൾക്കു പിന്നാലെ പോവുമ്പോൾ ഏതവസ്ഥയിലും അമ്മചെറുപ്പത്തിലേക്കു മടങ്ങുകയായിരുന്നു അതില്ലാതായതോടെ പൊടുന്നനെ വാർദ്ധക്യത്തിൻ്റെ നിസ്സഹായതയിലേക്ക് അമ്മ വഴുതി വീണു.നഗരത്തിലേക്ക് യാത്ര തിരിക്കുമ്പോൾ മകൻ സ്നേഹപൂർവ്വം അമ്മയെ വിളിക്കുന്നുണ്ട്. മകൻ്റെ സ്നേഹത്തോടെയുള്ള നിർബന്ധത്തിന് അമ്മ അവസാനം വഴങ്ങുന്നുണ്ടെങ്കിലും വാവുവരെ കാത്തിരിക്കാൻ മകനോടാവശ്യപ്പെടുന്നു.മരിച്ചവർക്ക് ദാഹജലമായ് ഇളനീർ മാത്രമെ വാവിന് സമർപ്പിക്കാറുള്ളു എങ്കിലും അമ്മ ഒരു ഗ്ലാസ്സ് കാപ്പി കൂടി മുറിയിലെത്തിക്കുന്നു 'അച്ഛന് ഇളനീരിനെക്കാളിഷ്ടം കാപ്പിയാണെന്ന അമ്മയുടെ മറുപടി അച്ഛൻ്റെ ഇഷ്ടങ്ങൾക്ക് അമ്മ നൽകിയിരുന്ന പ്രാധാന്യം എടുത്തു കാട്ടുന്നു.

    നഗരത്തിലെ വിശേഷങ്ങൾ പേരക്കുട്ടിയോട് അമ്മ ചോദിച്ചറിയുന്നുണ്ട്. ഗ്രാമത്തിൻ്റെ വിശുദ്ധിയും നന്മയും ഇല്ലാത്ത നഗരക്കാഴ്ചകൾ പേരക്കുട്ടി അമ്മയോട് വിശദീകരിക്കുമ്പോൾ.' നല്ല വെള്ളോല്ല, നിലാവൂല്ല, കൂമൻ്റെ ഒച്ചേം ഇല്ല.പിന്നെ എന്താ ആട ഉള്ളത്?' എന്ന അമ്മയുടെ കുട്ടിയോടുള്ള ചോദ്യം അക്ഷരാർത്ഥത്തിൽനഗരത്തെക്കുറിച്ചുള്ള അമ്മയുടെ കൃത്യമായ വിലയിരുത്തൽ തന്നെയാണ്.അച്ഛൻ്റെ മരണത്തെക്കുറിച്ചറിയാത്ത അച്ഛൻ്റെ സുഹൃത്ത് പൈക്കച്ചവടക്കാരൻ ചെട്ടിയാർ അമ്മയോട് അച്ഛനെ തിരക്കുമ്പോൾ അമ്മ' മൂപ്പരു പോയി' എന്നാണ് മറുപടി നൽകുന്നത് അച്ഛൻ്റെ മരണത്തെ ഒരിക്കലും അമ്മ പൂർണ്ണമായും അംഗീകരിച്ചിരുന്നില്ല. അച്ഛൻ്റെ ഓർമ്മകളെ താലോലിച്ച് അവിടെ തന്നെ ഒതുങ്ങിക്കഴിയാനാണ് അമ്മ ഇഷ്ടപ്പെട്ടിരുന്നത് അതുകൊണ്ടുതന്നെയാണ് 'ഇന്നിനി ബസ്സ് കിട്ടൂന്ന് തോന്നുന്നില്ല.' എന്ന് പറഞ്ഞ് നഗരത്തിലെ യാത്രയ്ക്ക് തിടുക്കം കൂട്ടിയമകനോട് 'ഞാനെങ്ങന്യാ മോനേ വര്യാ ?അച്ഛൻ എന്നെ എപ്പോഴും വിളിച്ചോണ്ടിരിക്കുകയാ. ഇന്നലേം വിളിച്ചു. വിളിക്കുമ്പം ഞാനിവിടെ ഇല്ലാന്ന് വെച്ചാൽ ....." എന്ന് മറുപടി പറയുന്നത് ഇങ്ങനെ സ്നേഹസമ്പന്നയായ ഒരുത്തമ വീട്ടമ്മയായി അമ്മ ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു.

ഓരോ വിളിയും കാത്ത് എന്ന കഥയിലെ 'മകൻ' എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക.

മകൻ

    ആധുനിക ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ശ്രീ യു.കെ.. കുമാരൻ്റ' ഓരോ വിളിയും കാത്ത് എന്ന കഥയിലെ മുഖ്യ കഥാപാത്രമാണ് ' മകൻ''. കുടുംബത്തിൻ്റെ എല്ലാമെല്ലാമായ അച്ഛൻ മരണപ്പെട്ടപ്പോൾ ഒറ്റപ്പെട്ടു പോയ അമ്മയുടെ വേദനകളും വിഹ്വലതകളുമാണ് ഈ കഥയിൽ. അച്ഛൻ്റെ മരണശേഷം ഒറ്റപ്പെട്ടു പോകുന്ന അമ്മയുടെദുഃഖം ആഴത്തിൽ ഉൾക്കൊള്ളുന്നവനാണ് ഈ കഥയിലെ മകൻ.നഗരത്തിൽ ജോലി ചെയ്യുന്ന അയാൾക്ക് വിളിക്കാനും ആരുമില്ലാത്ത വീട്ടിൽ അമ്മയെ തനിച്ചാക്കി പോവുന്നതിൽ നന്നേ വിഷമമുണ്ട്. അതു കൊണ്ടു തന്നെ രാത്രി അമ്മയ്ക്ക് കൂട്ടായി അയാൾ ഒരു കുട്ടിയെ ഏർപ്പെടുത്തി സ്വയം ആശ്വസിക്കാൻ ശ്രമിക്കുന്നുണ്ട്.

    മാതാപിതാക്കളോട് ദൃഢമായ സ്നേഹ ബന്ധം കാത്തു സൂക്ഷിക്കുന്നവനാണ് ഈ കഥയിലെ മകൻ. അച്ഛൻ്റെ മരണം വീടിനെ ശൂന്യമാക്കിയതുപോലെ അയാൾക്കനുഭവപ്പെടുന്നു.കിടപ്പിലായിരുന്നപ്പോൾ പോലും വീടിൻ്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്ന അച്ഛൻ്റെ സംസാരംപൊരുളില്ലാത്തതാണെന്ന് മകന് ആദ്യം തോന്നുന്നുണ്ടെങ്കിലും പിന്നീട് അത് സത്യമാണെന്ന് കണ്ടെത്തുമ്പോൾ അയാൾ അത്ഭുതപ്പെടുന്നുണ്ട്.അച്ഛൻ്റെ മരണശേഷം അയാൾ അമ്മയോടു കാണിക്കുന്ന സ്നേഹവും അതുപോലെ അമ്മയുടെ സംരക്ഷണത്തിൽ കാണിക്കുന്ന ജാഗ്രതയും ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്.ഒരിക്കലും അമ്മയെ നിർബന്ധിച്ച് നഗരത്തിലേക്ക് പറിച്ചുനടാൻ അയാൾ ഇഷ്ടപ്പെടുന്നില്ല. അച്ഛൻ്റെ ഓർമ്മകളിൽ നിന്നും അമ്മയ്ക്ക് പെട്ടെന്നൊരു മോചനം അസാധ്യമാണെന്ന് മകൻ മനസ്സിലാക്കുന്നുണ്ട്.

    സ്വാർത്ഥത നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ സ്വന്തം സുഖത്തിനു മാത്രം പ്രാധാന്യം കൽപ്പിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സ്നേഹത്തിനും മാനവികതയ്ക്കും മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. വൃദ്ധസദനങ്ങളുടെ എണ്ണവും തെരുവിൽ വലിച്ചെറിയപ്പെടുന്ന വാർദ്ധക്യങ്ങളുടെ എണ്ണവും നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മാതാപിതാക്കളെ ജീവനു തുല്യംസ്നേഹിക്കുന്ന ഈ കഥയിലെ 'മകൻ' എന്ന കഥാപാത്രം ഉയർത്തുന്ന സന്ദേശം തികച്ചും അനുകരണീയമാണ്.

Post a Comment

0 Comments

Contact Form